ലോകത്ത് നിന്നും കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ ചിപ്പി രഞ്ജിത് | Chippy Renjith Life Story

Chippy Renjith Life Story: മലയാള സിനിമ – ടെലിവിഷൻ പ്രേക്ഷകർ ഒരുപാട് കാലമായി കാണുന്ന മുഖമാണ് ചിപ്പി രഞ്ജിത്തിന്റെത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, ടെലിവിഷൻ പരമ്പരകളാണ് ചിപ്പി രഞ്ജിത്തിനെ കൂടുതൽ ജനപ്രിയ ആക്കിയത്. 1993-ൽ ഭരതൻ സംവിധാനം ചെയ്ത, മമ്മൂട്ടി നായകനായി എത്തിയ ‘പാഥേയം’ എന്ന ചിത്രത്തിൽ ഹരിത മേനോൻ എന്ന കഥാപാത്രത്തെ ചിപ്പി അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ ചിപ്പിയെ മലയാള സിനിമാലോകത്ത് കൂടുതൽ ശ്രദ്ധേയയാക്കി.

പിന്നീട്, ‘സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ്’, ‘സന്താനഗോപാലം’, ‘സ്പടികം’ തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി ചിപ്പി. ‘ഹിറ്റ്ലർ’ ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ചിപ്പി, എന്നാൽ 2000-ത്തിന് ശേഷം പിന്നീട് മലയാള ചിത്രങ്ങളിൽ അഭിനയിച്ചില്ല. വിവാഹത്തിനുശേഷം ചിപ്പി ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതിനിടെ നിരവധി കന്നഡ സിനിമകളിൽ ചിപ്പി അഭിനയിച്ചിട്ടുണ്ട്.

2002-ൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ‘സ്ത്രീ ജന്മം’ എന്ന പരമ്പരയിലൂടെയാണ് ചിപ്പി രഞ്ജിത്ത് തന്റെ ടെലിവിഷൻ പരമ്പര കരിയറിന് തുടക്കം കുറിച്ചത്. പിന്നീട്, ഏഷ്യാനെറ്റ്, സൂര്യ ടിവി എന്നീ ചാനലുകളിൽ മാറിമാറി ചിപ്പി വ്യത്യസ്ത പരമ്പരകളുടെ ഭാഗമായി. സ്ത്രീ ഒരു സാന്ത്വനം, സ്ത്രീഹൃദയം, നോക്കത്ത ദൂരത്ത്, പവിത്ര ബന്ധം, അമ്മ മനസ്സ്, ശ്രീ ഗുരുവായൂരപ്പൻ എന്നിങ്ങനെ നിരവധി ടെലിവിഷൻ പരമ്പരകളിൽ ചിപ്പി അഭിനയിച്ചു.

1993-ൽ റിലീസ് ചെയ്ത ആകാശദൂത് എന്ന ചിത്രത്തെ ആസ്പദമാക്കി, 2011 മുതൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ആകാശദൂത് എന്ന പരമ്പരയിൽ ചിപ്പി അവതരിപ്പിച്ച ലീഡ് റോൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അഭിനയത്തിന് പുറമെ ടെലിവിഷൻ പരമ്പരകളുടെ നിർമ്മാണ മേഖലയിലേക്കും ചിപ്പി രഞ്ജിത്ത് എത്തി. ഇപ്പോൾ, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിൽ ശ്രീദേവി എന്ന കഥാപാത്രത്തെ ചിപ്പി അവതരിപ്പിക്കുന്നു. ഈ പരമ്പരയുടെ നിർമ്മാതാവും ചിപ്പി തന്നെ.