ഈന്തപ്പഴം നാരങ്ങാ അച്ചാർ ഉണ്ടാക്കി നോക്കിയാലോ, ബിരിയാണിക്കും നെയ്‌ച്ചോറിനും ഒപ്പം കിടിലൻ കോമ്പിനേഷൻ ആണ് !!
lemon dates pickle recipe: നല്ല എരിവും മധുരവും പുളിയും എല്ലാം ഉള്ള ഒരു സൂപ്പർ ടേസ്റ്റി നാരങ്ങാ ഈന്തപ്പഴ അച്ചാർ റെസിപിയാണിത്.
ചേരുവകൾ
- നാരങ്ങ – 15 എണ്ണം
- മുളക് പൊടി – 3 ടേബിൾ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- കായ പൊടി – 1/4 ടീ സ്പൂൺ
- ഉലുവ പൊടി – 1/4 ടീ സ്പൂൺ
- ഇഞ്ചി – 1 കഷ്ണം
- വെളുത്തുള്ളി – 15 എണ്ണം
- പച്ച മുളക് – 6 – 10 എണ്ണം
- വേപ്പില
- വിനാഗിരി – 1/4 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ഇന്തപ്പഴം – 20 എണ്ണം
- ചൂട് വെള്ളം – 1. 1/2 കപ്പ്
- നല്ലെണ്ണ – 5 – 6 ടേബിൾ സ്പൂൺ
- കടുക് – 1 ടീ സ്പൂൺ
- വറ്റൽ മുളക് – 2 എണ്ണം
നാരങ്ങ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഇതിലെ കുരുകളെല്ലാം കളഞ്ഞ് ഇത് ഒരു ഭരണിയിൽ ഇട്ട് ആവശ്യത്തിന് ഉപ്പ് ഇട്ട് 20 ദിവസം വയ്ക്കുക. എല്ലാ ദിവസവും ഭരണി ഒന്നു കുലുക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നന്നായി വെള്ളം ഇറങ്ങി നാരങ്ങ നല്ല പോലെ സോഫ്റ്റ് ആവും. അച്ചാർ ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് കാശ്മീരി മുളകുപൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, വെള്ളം ഒഴിച്ച് മിക്സ് ചെയ്തു വെക്കുക.
അച്ചാർ ഉണ്ടാകുന്ന പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് വറ്റൽമുളക് വേപ്പില എന്നിവ കൂടെ തന്നെ നീളത്തിൽ അരിഞ്ഞ ഇഞ്ചിയും ചേർത്ത് കൊടുത്ത് നന്നായി മൂപ്പിക്കുക. നന്നായി മൂത്ത ശേഷം ഇതിലേക്ക് വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും കൂടി ഇട്ടുകൊടുത്ത് വീണ്ടും മൂപ്പിക്കുക. ഇനി ഇതിലേക്ക് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ഇട്ട് വീണ്ടും വഴറ്റിയ ശേഷം നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മുളകുപൊടിയുടെ മിക്സ് ഇട്ടുകൊടുത്ത് വിനാഗിരിയും ഒഴിച്ച് ചൂടുവെള്ളവും ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
lemon dates pickle recipe
കായപ്പൊടിയും ഉലുവപ്പൊടിയും കൂടി ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് ഈന്തപഴം കുരുകളഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി തിളപ്പിക്കുക. അച്ചാർ നന്നായി തിളപ്പിച്ച ശേഷം എണ്ണയെല്ലാം തെളിഞ്ഞു വരുമ്പോൾ നമുക്ക് തീ ഓഫാക്കാം ഇനി ഇതിലേക്ക് ഉപ്പിലിട്ട നാരങ്ങ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അച്ചാർ ചൂടാറിയ ശേഷം മാത്രം നാരങ്ങ ഉപ്പിലിട്ടത് ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കുക. ഇനി ഉപ്പോ വിനാഗിരിയോ ആവശ്യമുണ്ടെങ്കിൽ ചേർത്തു കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കി ജലാംശം ഇല്ലാത്ത ഒരു ചില്ല് കുപ്പിയിൽ ഇട്ട് ഉപയോഗിക്കാം.